Sunday, August 7, 2022

വൃഷ്ടിമാസങ്ങൾ

 "എട്ടുമാസവും പ്രവർത്തിക്കിലേ പുനരതി-

വൃഷ്‌ടിമാസങ്ങൾ നാലും സുഖമായ്‌ വസിക്കാവൂ.

യൗവനത്തിങ്കൽ പ്രവർത്തിച്ചർത്ഥമാർജ്ജിക്കിലേ

ചൊവ്വോടേ വാർദ്ധക്യത്തിൽ സുഖിച്ചുവസിക്കാവൂ.

ജീവപര്യന്തം പ്രവർത്തിക്കിലേ മരിച്ചാലും

ദേവലോകാദികളിൽ സ്വൈരമായ്  വസിക്കാവൂ."

              എഴുത്തച്ഛന്റെ മഹാഭാരതത്തിലെ വിദുരവാക്യം . മനുഷ്യശിശു- പ്രപഞ്ചത്തിൽ ഏതു ജീവജാലവുമായി താരതമ്യം ചെയ്താലും ഏറ്റവും നീണ്ട നിസ്സഹായാവസ്ഥയുള്ള ജീവി. ഏറ്റവുമധികം  പരാശ്രയം വേണ്ടവൻ . ഏറ്റവുമധികം കർമ്മശേഷിയുള്ളവൾ. ഏറ്റവുമധികം സാദ്ധ്യതകളുള്ളവർ . ഈ നീണ്ട പരാശ്രയകാലം  നാളേയ്ക്കുള്ള തയ്യാറെടുപ്പിനുപയോഗിക്കണം . അദ്ധ്വാനിക്കാനവസരമുള്ള എട്ടു മാസവും ജോലി ചെയ്താലേ നാലുമാസം നീളുന്ന മഴക്കാലം സ്വസ്ഥമായിക്കഴിയാനാകൂ. ആരോഗ്യവും ഉൽസാഹവുമുള്ള യൌവ്വനകാലം നന്നായി അദ്ധ്വാനിച്ച് അർത്ഥം നേടിയാലേ വാർദ്ധക്യം അല്ലലില്ലാത്തതാകൂ . ആയുഷ്ക്കാലം മൊത്തം ധർമ്മനിരതനായി കർമ്മം ചെയ്താലേ  സ്വൈരമായ പരലോകങ്ങളുണ്ടാകൂ .നാളെകൾ....  സുഖമാകണമെങ്കിൽ ഇന്ന് നന്നായി അദ്ധ്വാനിച്ചേ പറ്റൂ. 

           നമുക്കിതു മഴക്കാലം .ജില്ലാകലക്ടർ അവധി പ്രഖ്യാപിക്കുന്നത് സംഭവിക്കാനിടയുള്ള  കഷ്ടനഷ്ടങ്ങളുടെ വലിപ്പം കുറയ്ക്കാനാണ്. ക്ലാസ്സിൽ ചെന്നു പഠിക്കുന്നതിലെത്രയോ കൂടുതൽ ഇന്നത്തെക്കാലം നമുക്കു വീട്ടിലിരുന്നു പഠിക്കാം. അതിനുള്ള മനസ്സു വേണമെന്നു മാത്രം .

 കടമ്മനിട്ട പാടിയതു പോലെ .....കണ്ണിലെപ്പൊഴും കത്തിജ്വലിക്കുമുൾ

                                           ക്കണ്ണു വേണമണയാത്ത കണ്ണ്. "                                           കണ്ണൂ തുറന്നു നോക്കിയാൽ "മലയാളം മാഷ് "ബ്ലോഗ് കണ്മുന്നിലെത്തും "malayalamjenumash.blogspot.com " ഏവർക്കും വായനയുടെ പഠനത്തിന്റെ സമൃദ്ധവർഷം ആശംസിക്കുന്നു.

No comments:

Post a Comment